അഞ്ചക്കുളം ശ്രീ മഹാദേവി ക്ഷേത്രം (അഞ്ചക്കുളം ദേവസ്വം ട്രസ്റ്റ്)
അഞ്ചക്കുളം കാവ് - ക്ഷേത്ര ചരിത്രം
നൂറ്റാണ്ടുകൾക്ക് മുൻപ് അഞ്ചക്കുളം ദേശത്തുണ്ടായ ജന സാംസ്കാരിക പെരുമ ഈ ഭൂമിയിലെ സകല ചരാചരങ്ങൾക്കും നന്മക്കായി പ്രാർത്ഥിച്ചിരുന്നു. "ലോകാ സമസ്താ സുഖിനോ ഭവന്തു" അഞ്ചക്കുളം ദേശത്ത് ദൈവികമായതല്ലാതെ മറ്റൊന്നുമില്ലെന്ന് വിശ്വസിച്ചിരുന്ന അത്യുന്നത സാംസ്‌കാരിക ഗരിമയുള്ള ജനങ്ങൾ "കാവ്" എന്ന സങ്കല്പത്തിൽ ഒരു വലിയ ഭൂവിഭാഗം നിബിഡ വനമായി സംരക്ഷിക്കുകയും അവിടെ ഭൂപ്രകൃതിയിൽ കാണപ്പെട്ട ജീവനുകളെല്ലാം പാരസ്പര്യത്തോടെ സസ്നേഹം കഴിഞ്ഞു പോന്നിരുന്നു എന്നും ചരിത്രം പറയുന്നു.
കാലങ്ങൾ കഴിഞ്ഞ് മനുഷ്യന്റെ അമിത ചൂഷണ ഫലമായി ഈ വനഭാഗം നാശോന്മുഖമാവുകയും, അവിടെയുണ്ടായിരുന്ന ജീവന്റെ തുടിപ്പുകൾ എല്ലാം അസ്തമിച്ച് ദൈവികമായ പരിദ്രവ്യങ്ങൾ നഷ്ടപ്പെട്ട് അഞ്ചക്കുളം കാവ് നാമവിശേഷമായ ഒരു കാലത്തിനു ശേഷം പുനരുദ്ധാരണത്തിലേക്ക് കടക്കുമ്പോൾ മിച്ചമുണ്ടായിരുന്നത് ആയിരം സെന്റി മീറ്ററിൽ അധികം വണ്ണവും ഉദ്ദേശം നാല്പത് മീറ്റർ ഉയരവുമുള്ള മൂന്ന് വൻ വൃക്ഷങ്ങൾ മാത്രമായിരുന്നു ജീവനായി ഉണ്ടായിരുന്നത്. ഉടഞ്ഞു പോയ വിഗ്രഹങ്ങളും, തകർന്നു പോയ എടുപ്പുകളും, ചിത്ര പണികൾ ചെയ്ത കൽക്കൂട്ടങ്ങളും ഈ ദേശവാസികളെ അഗാധ ദുഃഖത്തിലേക്ക് നയിക്കാൻ പോരുന്നതായിരുന്നു.
ഏതാണ്ട് 45 വർഷങ്ങൾക്കു മുൻപ് പുനർനിർമ്മാണ പ്രക്രിയകൾ ആരംഭിക്കുമ്പോഴേക്കും അതിൽ രണ്ട് വൃക്ഷ രാജാക്കന്മാർ പട്ടുപോയിരുന്നു. ഇപ്പോൾ നമ്മുടെ മുൻപിൽ തലയെടുപ്പോടെയും പൂർവ്വ സമൃദ്ധികളോടെയും നമ്മെ ഭാവിയിലേക്ക് നയിക്കുന്നതും, ഈ ദേശത്തിന് ജീവ വായു ധാരാളമായി നൽകി, പറവകൾക്ക് അഭയമായും കാണുന്ന, ആയിരം വയസ്സിനുമേൽ പ്രായമുള്ള ഈ വൃക്ഷ രാജാവ് ഇപ്പോൾ സർപ്പ ദൈവങ്ങളുടെ സംരക്ഷകനും ഭക്തജങ്ങളുടെ ആരാധനാ പാത്രവുമായി നമ്മെ സദാ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.

ഉപദേവതകൾ
ഗണപതി:
കന്നി മൂല പ്രതിഷ്ഠ. സിദ്ധി ഗണപതി സങ്കല്പം, കറുക മാല, അപ്പം മൂടൽ, ചൂണ്ടൽ നേദ്യം, മോദക നേദ്യം, അഷ്ട ദ്രവ്യ മഹാഗണപതി ഹോമം എന്നിവ പ്രധാന വഴിപാടുകളാണ്.
അന്തിമഹാകാളൻ:
ശിവ സങ്കല്പത്തിലുള്ള പ്രതിഷ്ടയാണ്. മൃത്യുഞ്ജയ പുഷ്പാഞ്ജലി, കൂട്ട് പായസം എന്നിവയാണ് പ്രധാന വഴിപാടുകൾ.
അഥിലയക്ഷി:
ബാധാരോഗങ്ങൾ മാറുന്നതിന് താമ്പൂല സമർപ്പണവും മംഗല്യ തടസങ്ങൾ മാറുന്നതിന് ഉടയാട സമർപ്പണവുമാണ് മുഖ്യ വഴിപാടുകൾ.
വെള്ളോംഭഗവതി:
പാർവതി ദേവി സങ്കല്പമായ വെള്ളോംഭഗവതിക്ക് കരിക്കു നേദ്യം നൽകുന്നതും കുങ്കുമാർച്ചന നടത്തുന്നതുമാണ് പ്രധാന വഴിപാടുകൾ.
ശാസ്താവ്:
കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവിന്റെ സാന്നിധ്യം കൊണ്ട് ശനി ദോഷ നിവാരണത്തിനായി നീരാഞ്ജനം, എള്ളുതിരി തെളിയിക്കുന്നതും, എള്ളു പായസം സമർപ്പിക്കുന്നതുമാണ് മുഖ്യവഴിപാടുകൾ.
നാഗരാജാവ്, നാഗയക്ഷി:
നാഗ രാജാവും, നാഗ യക്ഷിയും ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി സർപ്പക്കാവിൽ കുടി കൊള്ളുന്നു. എല്ലാ മാസവും ആയില്യം നാളിൽ സർപ്പക്കാവിൽ വിശേഷാൽ ആയില്യം പൂജ നടത്തുന്നു.

